ന്യൂ ബ്രൺസ്വിക്കിൽ അത്യാഹിത വിഭാഗം വെയിറ്റിംഗ് റൂമില്‍ കാത്തിരുന്ന രോഗി മരിച്ചു 

By: 600002 On: Jul 15, 2022, 7:56 AM

ന്യൂ ബ്രൺസ്വിക്കിലെ ഫ്രഡറിക്ടണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി കാത്തിരുന്ന രോഗി മരിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍ നടന്ന ഈ സംഭവം കൂടുതല്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാത്തിരിപ്പ് സമയം നീണ്ടുപോയി രോഗി മരിച്ച സംഭവം എല്ലാ ആശുപത്രികളിലെയും സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ട ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. 

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഡോ. എവററ്റ് ചാല്‍മേഴ്‌സ് ഹോസ്പിറ്റലില്‍ കാത്തുനിന്ന റെസിഡന്‍ഷ്യല്‍ സപ്പോര്‍ട്ട് വര്‍ക്കറായ ജോണ്‍ സ്‌റ്റേപ്പിള്‍സാണ് സോഷ്യല്‍മീഡിയയിലൂടെ രോഗി മരിച്ച സംഭവം അറിയിച്ചത്. വെയിറ്റിംഗ് റൂമില്‍ ഡോക്ടര്‍ക്കായി വീല്‍ചെയറില്‍ കാത്തുനിന്ന രോഗി വേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അയാളുടെ നില കൂടുതല്‍ വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എമര്‍ജന്‍സി റൂമില്‍ നിന്നും പുറത്തേക്ക് വന്ന ജീവനക്കാരന്‍ രോഗിയെ പരിശോധിക്കുകയും ഉടന്‍ അകത്തേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ അയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മതിയായ ചികിത്സ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് ജോണ്‍ സ്റ്റേപ്പിള്‍സ് കുറ്റപ്പെടുത്തി. നിലവിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നതിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 

രോഗിയുടെ അപ്രതീക്ഷിത മരണത്തില്‍ ആശുപത്രി അധികൃതര്‍ അപലപിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ തുടങ്ങിയതായി ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്ന ഹൊറൈസണ്‍ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ഡോ. ജോണ്‍ ഡോര്‍നന്‍ പ്രതികരിച്ചു.