ഒന്റാരിയോയില്‍ ആദ്യമായി സ്ത്രീയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു 

By: 600002 On: Jul 15, 2022, 6:56 AM

ഒന്റാരിയോയില്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് മങ്കിപോക്‌സ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. നിലവിലെ കേസുകളിലെല്ലാം രോഗബാധ പുരുഷന്മാരിലായിരുന്നു. ഇതാദ്യമായാണ് സ്ത്രീയ്ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മങ്കിപോക്‌സ് അധികമായും പടരുന്നത് പുരുഷന്മാരിലെന്നാണ് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം, ഒന്റാരിയോയില്‍ രോഗ ബാധിതരുടെ നിരക്ക് കുറയുന്നതായും രോഗ വ്യാപനം കുറയുന്നതായും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ ഡയഗ്നോസ്റ്റിക് പരിശോധനയിലൂടെയാണ് സ്ത്രീയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. രോഗിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിലവില്‍ ഒന്റാരിയോയില്‍ 156 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോയുടെ കണക്കുകള്‍.  ഇതില്‍ 124 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ടൊറന്റോയിലാണ്. ഓട്ടവയില്‍ 11 കേസുകളും, മിഡില്‍സെക്‌സ്-ലണ്ടനില്‍ നാല് കേസുകളും ഹാള്‍ട്ടണ്‍ റീജിയണലില്‍ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒന്റാരിയോയില്‍ 20 നും 69 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 

പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് സ്‌മോള്‍പോക്‌സ് വാക്‌സിന്‍ നല്‍കാനുള്ള 'റിംഗ് സ്ട്രാറ്റജി' പദ്ധതിയാണ് മങ്കിപോക്‌സ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.