
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ തമിഴ്നാട് ആരോഗ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ നിർദേശിച്ചത്. രോഗികൾ ചികിത്സയിലുള്ളത് പരിഗണിച്ചാണ് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്.
അമ്മയും കാമുകനും നിര്‍ബന്ധിച്ച് 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്‍പന നടത്തിയതു ജൂണ്‍ ഒന്നിനാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ ആശുപത്രികൾ നടത്തിയ നിയമലംഘനങ്ങൾ എണ്ണിപ്പറഞ്ഞാണ് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ആശുപത്രികൾക്ക് 50 ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കുറ്റക്കാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്യും.
നിലവിൽ 21-35 പ്രായത്തിലുള്ള വിവാഹിതരും ഒരു കുട്ടിയുള്ളതുമായ സ്ത്രീകള്‍ക്ക് മാത്രമാണ് ഒരിക്കൽ മാത്രം അണ്ഡം ദാനം ചെയ്യാന്‍ അനുവാദമുള്ളത്. ഈ സംഭവത്തില്‍ പതിനാറുകാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡ വില്‍പന നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ കേരളത്തിലെയും ആന്ധ്രയിലേയും ആശുപത്രികൾക്കെതിരെയും നടപടിക്കു ശുപാർശ ചെയ്യാൻ തമിഴ്നാട് ആരോഗ്യവകുപ്പ് തീരുമാനിച്ചു. പെരുന്തുറെയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇരു ആശുപത്രികൾക്കും തമിഴ്നാട് ആരോഗ്യവകുപ്പും പൊലീസും നോട്ടിസ് അയച്ചിട്ടുണ്ട്.
ഇപ്പോൾ 16 വയസുള്ള പെണ്‍കുട്ടിയെ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്‍പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകന്‍ സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒരോ തവണയും അണ്ഡം നല്‍കുന്നതിന് അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തല്‍. സംഭവത്തിൽ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.