ചലച്ചിത്ര നടൻ പ്രതാപ് പോത്തന്‍ അന്തരിച്ചു

By: 600021 On: Jul 15, 2022, 4:54 AM

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
 
1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ അരങ്ങേറിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിലെ തരംഗമായിരുന്നു. ഭരതന്റെ തന്നെ ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച അദ്ദേഹം ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.  മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ലാണ് അവസാനം അഭിനയിച്ചത്. സി.ബി.ഐ 5 ആണ് അവസാനം റിലീസായ ചിത്രം.
 
‘മീണ്ടും ഒരു കാതൽ കഥൈ, ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍ സഹോദരനാണ്.