സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയിൽ ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികൾക്ക് 25% ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സ്ഥാപനങ്ങൾ നടത്തുന്ന എൻ.ജി.ഒ കൾക്ക് 40 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15 കോടി രൂപയാണു നൽകിയത്. സംസ്ഥാനത്ത് നാനൂറിലേറെ എൻ.ജി.ഒ കളാണ് ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത്. എം.എൽ.എ ഫണ്ട് ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കു കൂടി വിനിയോഗിക്കാൻ കഴിയുന്ന രീതിയിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. സ്പെഷൽ സ്കൂൾ അധ്യാപകർക്ക് അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപേ പ്രത്യേക പരിശീലനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.