2003 ലെ മനുഷ്യക്കടത്തു കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്

By: 600021 On: Jul 15, 2022, 4:30 AM

2003ലെ മനുഷ്യക്കടത്തു കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്. കേസിൽ 15 വർഷങ്ങൾക്കുശേഷമാണ് വിധി വരുന്നത്. 2018ൽ അദ്ദേഹത്തെ ശിക്ഷിച്ചിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ  ശേഷം അപ്പീൽ നൽകിയിരുന്നു. കേസിൽ ദലേർ മെഹന്ദിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് പട്യാല അഡീഷനൽ സെഷൻസ് ജഡ്ജി എച്ച്.എസ്. ഗ്രെവാൾ ഉത്തരവിട്ടതിന് പിന്നാലെ ഗായകനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.
 
സ്വന്തം ഗായകസംഘത്തിലെ അംഗങ്ങളാണെന്നു കാട്ടി നിയമവിരുദ്ധമായി ആളുകളെ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. ആളുകളിൽനിന്ന് പണവും കൈപ്പറ്റിയിരുന്നു. യു.എസി ലേക്കും കാനഡയിലേക്കുമായിരുന്നു മനുഷ്യക്കടത്ത് നടത്തിയിരുന്നത്. കേസിൽ മെഹന്ദിക്കൊപ്പം സഹോദരൻ ഷംശീർ സിങ്ങും കുറ്റക്കാരനാണ്. അതേസമയം, വിചാരണ നടക്കുന്നതിനിടെ  ഷംശീർ 2017ൽ അന്തരിച്ചു.
 
ചിലരിൽനിന്ന് പണം വാങ്ങിയെങ്കിലും വിദേശത്തുകൊണ്ടുപോയില്ല. ബക്ഷിഷ് സിങ് എന്നയാൾ നൽകിയ പരാതിയിലാണ് ദലേറും സഹോദരനും കുടുങ്ങിയത്. 1998ലും 1999ലും അനധികൃതമായി വിദേശത്തേക്കു 10 പേരെയാണ് കടത്തിയതെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു. തന്റെ കൈയിൽനിന്ന് 13 ലക്ഷം രൂപ വാങ്ങിയിട്ട് വിദേശത്തേക്കു കൊണ്ടുപോകുകയോ, പണം തിരികെ തരികയോ ഇല്ലെന്ന് ഇയാൾ പറയുന്നു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മറ്റ് 35 പേരും പരാതിയുമായി എത്തിയിരുന്നു.