
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിക്കത്ത് അയച്ചതായി റിപ്പോർട്ട്. പാർലമെന്റ് സ്പീക്കർ മഹിന്ദ അബെ വർധനയ്ക്ക് ഇമെയിൽ വഴിയാണ് രാജിക്കത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം, കത്ത് യഥാർഥത്തിലുള്ളതാണോ എന്നും അതിന്റെ നിയമവശവും പരിശോധിക്കുകയാണെന്ന് സ്പീക്കറുടെ ഓഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജിക്കത്ത് ലഭിച്ച കാര്യം സ്പീക്കറും സ്ഥിരീകരിച്ചു. ഗോട്ടബയ രാജിവച്ചതായി മാലദ്വീപ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് നഷീദ് പ്രഖ്യാപിച്ചിരുന്നു. മാലദ്വീപിന്റെ മുൻ പ്രസിഡന്റുകൂടിയായ നഷീദ് ആണ് രാജപക്സെയ്ക്ക് രക്ഷപ്പെടാനുള്ള സഹായം ചെയ്തത്.
ജൂലൈ 13ന് രാജിവയ്ക്കുമെന്ന് ഗോട്ടബയ അറിയിച്ചിരുന്നെങ്കിലും രാജിവയ്ക്കാതെ ലങ്കയിൽനിന്ന് ആദ്യം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും രക്ഷപെടുകയായിരുന്നു. മാലദ്വീപിലേക്ക് രക്ഷപ്പെട്ടതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഗോട്ടബയ നിയമിച്ചിരുന്നു. സർവകക്ഷി സർക്കാർ അധികാരമേറ്റെടുക്കുന്നതിനു പിന്നാലെ രാജിവയ്ക്കാൻ തയാറാണെന്നാണ് റനിലിന്റെ നിലപാട്.