
സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് ബീ.സി യിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സറിയില്‍ വച്ച് നടന്ന ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഓഫിസിലേക്ക് പോകുന്ന വഴി അജ്ഞാതര്‍ വെടിയുതിര്‍ക്കുകായിരുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് നടന്ന സംഭവം, ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നെന്നും വെടിവെപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഏതാനും ബ്ലോക്കുകൾ അകലെ തീപിടിച്ച നിലയിൽ കണ്ടെത്തിയതായും റോയൽ മൗണ്ടഡ് പോലീസ് പത്ര കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നില്ല. അദ്ദേഹത്തിന്റെ മകൻ ജസ്പ്രീത് മാലിക് റിപുധാമൻ സിംഗ് മാലിക്കിന്റെ മരണം സ്ഥിരീകരിച്ച് വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രസ്താവന നടത്തി.
329 പേര്‍ കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായ സിങ്ങിനെ 2005ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 1985 ജൂണ്‍ 23ന് മോണ്‍ട്രിയല്‍- ലണ്ടന്‍- ഡല്‍ഹി- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. പഞ്ചാബിലെ കലാപ സമയത്തായിരുന്നു സംഭവം. 2005ല്‍ കുറ്റവിമുക്തനാക്കപ്പെട്ട സിങ് 2019 ഡിസംബറില്‍ തന്റെ പേര് ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.