രാജ്യത്ത് ആദ്യമായി മങ്കി പോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചു. ജൂലൈ 12ന് യു.എ.ഇയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി – ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേർ സമ്പർക്ക ലിസ്റ്റിൽ ഉണ്ട്. കൊല്ലം ജില്ലയിൽനിന്നുള്ള ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണു ഇയാളെ മെഡിക്കൽ കോളജിൽ എത്തിച്ചത്.
കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേര്‍ന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെ അറിയിക്കുന്നതൊപ്പം ആരോഗ്യമന്ത്രാലയത്തിലെ ദുരന്ത നിവാരണ സെല്‍ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികള്‍ സംസ്ഥാന സർക്കാരിനെ ധരിപ്പിക്കുകയും ചെയ്യും. സംഘം സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികൾ ശുപാര്‍ശ ചെയ്യുകയും ചെയ്യും. കേന്ദ്ര സർക്കാരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.