
ഉന്നതവിദ്യാഭ്യാസത്തിനുള്ള എൻ.ആർ.ഐ. ക്വാട്ടയിൽ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് സംവരണം നൽകാൻ പ്രവാസിക്ഷേമ നിയമ സഭാസമിതിയുടെ ശുപാർശ. വിദേശ പഠനാവശ്യങ്ങൾക്ക് എടുത്ത വിദ്യാഭ്യാസവായ്പയിൽ അർഹരായവർക്ക് പലിശയിളവ് അനുവദിക്കണമെന്നും സമിതി ശുപാർശചെയ്തു.
വിദേശത്തു മരിക്കുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണം. അപകടമുണ്ടാകുകയോ അസുഖങ്ങൾ ബാധിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് എംബസിയിൽനിന്നുള്ള മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ വിമാനടിക്കറ്റിൽ ഇളവനുവദിക്കണം. കോവിഡ് മരണ സഹായധനം വിദേശത്തു മരിച്ച നിർധനരായ പ്രവാസി കുടുംബങ്ങൾക്കുകൂടി നൽകണം തുടങ്ങിയവയും ശുപാർശയിലുണ്ട്. മുൻമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.