ലിംഗസമത്വത്തിൽ ഇന്ത്യ ഏറെ പിന്നിലെന്ന് ഡബ്ല്യു.ഇ.എഫ് റിപ്പോർട്ട്‌ ; പട്ടികയിൽ 135ാമത്

By: 600021 On: Jul 14, 2022, 3:41 PM

ജനീവ ആസ്ഥാനമായ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) വാർഷിക റിപ്പോർട്ടിൽ ലിംഗ സമത്വത്തിൽ ഇന്ത്യ ഏറെ പിന്നിൽ. 146 രാജ്യങ്ങളുടെ പട്ടികയിൽ 135ാമതാണ് ഇന്ത്യ. ലിംഗ സമത്വത്തിൽ ഒന്നാമത് ഐസ്ലൻഡാണ്. ഫിൻലൻഡ്, നോർവേ, ന്യൂസീലൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിൽ. അഫ്ഗാനിസ്താൻ, പാകിസ്താൻ, കോംഗോ, ഇറാൻ, ചാഡ് എന്നിവയാണ് പട്ടികയിൽ പിന്നാക്കം പോയ രാജ്യങ്ങൾ.
 
തൊഴിൽമേഖലയിൽ ലിംഗവ്യത്യാസം വർധിച്ചത് ആഗോളതലത്തിൽ സ്ത്രീകളെ കൂടുതലായി ബാധിച്ചെന്നും ലിംഗവ്യത്യാസം നികത്താൻ ഇനിയും 132 വർഷമെടുക്കുമെന്നും ഡബ്ല്യു. ഇ.എഫ്. മുന്നറിയിപ്പ് നൽകി. കോവിഡ് പാൻഡെമിക്കും ലിംഗസമത്വത്തെ പിന്നിലാക്കി. ആരോഗ്യ, അതിജീവന ഉപസൂചികയിൽ 146ാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, പ്രാഥമിക വിദ്യാഭ്യാസപ്രവേശനത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്തി. തൊഴിൽസേനയിലേക്കുള്ള സ്ത്രീകളുടെ തിരിച്ചുവരവിനും ഭാവിയിലെ വ്യവസായങ്ങളിൽ സ്ത്രീകളുടെ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയങ്ങൾ കൊണ്ടുവരണമെന്ന് ഡബ്ല്യു.ഇ.എഫ്. മാനേജിങ് ഡയറക്ടർ സാദിയ സാഹിദി പറഞ്ഞു.