ട്രാഫിക് പിഴകൾ തവണകളായി അടയ്ക്കാം; പുതിയ സംവിധാനവുമായി ദുബായ് പോലീസ്

By: 600021 On: Jul 14, 2022, 3:18 PM

ദുബായിൽ ട്രാഫിക് പിഴകൾ തവണകളായി അടയ്ക്കാൻ അവസരമൊരുക്കി പൊലീസ്. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം കാലയളവിൽ പിഴ അടക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്താൻ കഴിയുക. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എൻ.ബി.ഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ് തുടങ്ങിയവയുടെ ക്രെഡിറ്റ് കാർഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
 
തവണകളായി അടയ്ക്കാൻ സാധിക്കാത്തവർക്ക് സമയം ദീർഘിപ്പിക്കാൻ അപേക്ഷ നൽകാവുന്നതാണ്. ഇതിന് 100 ദിർഹം ഫീസായി ഈടാക്കും. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്റ് മുടക്കിയാൽ 200 ദിർഹം അധിക പിഴയായി നൽകണം. ദുബായ് പോലീസിന്റെ വെബ്‌സൈറ്റിലൂടെയോ പൊലീസ് ആപ്പ് ഉപയോഗിച്ചോ പിഴ അടയ്ക്കാം. വാഹനത്തിന്റെ നമ്പർ, അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ, ലൈസൻസ് നമ്പർ എന്നിവ നൽകിയ ശേഷം ‘ഡയറക്ട് ഡിസ്‌കൗണ്ട് സർവിസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ഇതിൽ പാസ്‌പോർട്ട് നമ്പർ, എമിറേറ്റ് ഐ.ഡി എന്നിവ വ്യക്തമായി ചേർക്കണം.