ലോകത്തിലെ മികച്ച 50 ഡെസ്റ്റിനേഷനുകളിൽ ബീ.സി യിലെ ടൊഫീനോയും

By: 600021 On: Jul 14, 2022, 3:04 PM

ടൈം മാഗസിൻ പുറത്തിറക്കിയ വേൾഡ്സ് ഗ്രേറ്റസ്റ്റ് പ്ലേസ് 2022 ലിസ്റ്റിൽ വാൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റിയായ  ടൊഫീനോ ഇടം നേടി. പ്രകൃതി ദൃശ്യങ്ങൾ, ഔട്ട്‌ ഡോർ ആക്ടിവിറ്റികളിലേക്കുള്ള ആക്സസ്, ലക്ഷ്വറി റിസോർട്ടുകൾ എന്നിവ പരിഗണിച്ചാണ് ടൊഫീനോ ലോകത്തിലെ ഏറ്റവും മികച്ചതും കണ്ടിരിക്കേണ്ടതുമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.
 
ബയോസ്ഫിയർ റിസർവുകളാൽ ചുറ്റപ്പെട്ട പ്രദേശമായ ടൊഫീനോയിലെ വന്യജീവി ടൂറുകൾ, വനയാത്രകൾ, വിശാലമായ മണൽ, കടൽത്തീരങ്ങൾ എന്നിവ ആളുകളെ പ്രകൃതിയുമായി  ബന്ധിപ്പിക്കുന്നതായി ടൈം മാഗസിൻ പറയുന്നു. ശക്തമായ ശീതകാല കൊടുങ്കാറ്റുകളുള്ള പ്രദേശത്തെ  ഇതിഹാസ കൊടുങ്കാറ്റ് കാണാനും  തണുത്ത വെള്ളത്തിലുള്ള സർഫിംഗ് അവസരത്തെ പറ്റിയും മാഗസിന്റെ ലേഖനത്തിൽ പറയുന്നുണ്ട്.
 
ബോട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന റിസർവ്, ടൊഫീനോ റിസോർട്ടിൽ ലഭ്യമാകുന്ന ഫിഷിങ്, ഡൈവിങ്, പാഡിൽ ബോർഡിങ്‌, തിമിംഗലത്തെയും കരടിയെയും കാണാനുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ചും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. പസഫിക് റിം നാഷണൽ പാർക്ക് റിസർവിലൂടെയുള്ള പുതിയ മൾട്ടി-യൂസ് പാതയിലൂടെ ഏത് പ്രായത്തിലുള്ള ആളുകൾക്കും ടൊഫീനോയിൽ എത്തിച്ചേരാൻ സാധിക്കുമെന്നും ലേഖനം കൂട്ടിച്ചേർക്കുന്നു.