ഒന്റാരിയോയിൽ ഈ വർഷം അവസാനം വരെ കോവിഡ് 19 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ സൗജന്യം

By: 600021 On: Jul 14, 2022, 2:56 PM

ഓരോ മൂന്ന് മാസത്തിലും പാൻഡെമിക്കിന്റെ പുതിയ തരംഗങ്ങൾ ഉണ്ടാവുമെന്ന നിഗമനത്തിൽ ഒന്റാരിയോയിൽ ഈ വർഷം അവസാനം വരെ സൗജന്യമായി കോവിഡ് -19 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നൽകുന്നത് തുടരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ  ഡോ. കീറൻ മൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഗ്രോസറി ഷോപ്പുകൾ, ഫാർമസികൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, റിട്ടയർമെന്റ് ഹോമുകൾ, ദീർഘകാല പരിചരണ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ  സൗജന്യ പരിശോധനകൾ ലഭ്യമാണ്. വർഷാവസാനം വരെ ഇവ തുടരും. ഒന്റാരിയോയിൽ 18 വയസിന് മുകളിലുള്ളവർക്ക്  വ്യാഴാഴ്ച മുതൽ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നും മൂർ കൂട്ടിചേർത്തു.
 
ഫെബ്രുവരി മുതൽ പ്രവിശ്യയിൽ 2400 ഓളം സ്ഥലങ്ങളിൽ സൗജന്യമായി റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. ആഴ്ചയിൽ ഏകദേശം 5.5 മില്യൺ റാപ്പിഡ് ടെസ്റ്റുകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഗവണ്മെന്റ് മുൻപ് പ്രസ്താവന നടത്തിയിരുന്നു. ബൂസ്റ്റർ ഷോട്ടുകൾ വിപുലമാക്കുന്നതും റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നതും വഴി ആളുകൾക്ക് വൈറസിൽ നിന്ന് സുരക്ഷിതരാകാനും പ്രവിശ്യയിലെ അമിതമായ ആശുപത്രി സംവിധാനത്തെ സംരക്ഷിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂർ പറയുന്നു. ഒന്റാരിയോ നിലവിൽ പാൻഡെമിക്കിന്റെ ഏഴാമത്തെ തരംഗത്തിലാണ്. റെസിഡന്റ്സ്, ആരോഗ്യ പ്രവർത്തകർ,  ആദ്യം പ്രതികരിക്കുന്നവർ, ഗർഭിണികൾ , ഉയർന്ന രോഗ സാധ്യത ഉള്ളവർ തുടങ്ങി ഹൈ റിസ്ക് വിഭാഗത്തിന് മാത്രമേ നിലവിൽ പി.സി.ആർ ടെസ്റ്റുകൾ ലഭ്യമാകൂ.