കാനഡയിലെ ആരോഗ്യ പരിചരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും പ്രവിശ്യകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് നല്‍കുന്ന ഏത് നിക്ഷേപവും പദ്ധതികളും രാജ്യത്തുള്ളവര്‍ക്ക് ഫലപ്രാപ്തി നല്‍കുന്നവയും പ്രയോജനപ്പെടുന്നവയുമായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്.
സ്റ്റാഫുകളുടെ കുറവ്, ജോലി സാഹചര്യങ്ങള്‍, ഡോക്ടറെ കാണേണ്ടി വരുന്ന കാലതാമസം തുടങ്ങി ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മറ്റൊരു പ്രധാനമന്ത്രിയും പ്രീമിയര്‍മാരുമായി ഇതുപോലെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ട്രൂഡോ പറഞ്ഞു. ഡോക്ടറിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും, കോവിഡ് മൂലമുണ്ടായ ശസ്ത്രക്രിയകളിലെ കാലതാമസം ഇല്ലാതാക്കാനും, മാനസികാരോഗ്യ പിന്തുണ മെച്ചപ്പെടുത്താനും ആരോഗ്യ മേഖലയിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ അത് ഏകോപിപ്പിക്കുമോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം വിക്ടോറിയയില്‍ നടന്ന പ്രീമിയര്‍മാരുടെ യോഗത്തില്‍ പ്രധാന വിഷയം ആരോഗ്യമേഖലയിലെ പ്രതിസന്ധിയായിരുന്നു. ഫെഡറല്‍ ഹെല്‍ത്ത് ട്രാന്‍സ്ഫറില്‍ സ്ഥിരമായ വര്‍ധന ആവശ്യപ്പെട്ട പ്രീമിയര്‍മാര്‍ പ്രധാനമന്ത്രിയെ യോഗത്തില്‍ വിമര്‍ശിച്ചു. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും കൃത്യമായ ഫണ്ട് ലഭ്യമായില്ലെങ്കില്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമെന്നാണ് പ്രീമിയര്‍മാര്‍ ഉന്നയിച്ചത്. ഓരോ കനേഡിയന്‍ പൗരന്റെയും ആരോഗ്യ പരിപാലന ചെലവിന്റെ ഏകദേശം 22 ശതമാനം ഫെഡറല്‍ ഗവണ്‍മെന്റ് വഹിക്കുന്നതാണ്. ഈ തുക 35 ശതമാനമായി ഉയര്‍ത്തണമെന്നാണ് പ്രീമിയര്‍മാരുടെ ആവശ്യം.