ബുധനാഴ്ച ആകാശത്ത് ദൃശ്യമാകും ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ 

By: 600002 On: Jul 14, 2022, 10:23 AM
ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ബുധനാഴ്ച രാത്രി ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ കാണുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകും. ജൂലായിലെ ഈ സൂപ്പര്‍മൂണിനെ 'ബക്ക് മൂണ്‍' എന്നും വിളിക്കാറുണ്ട്. എല്ലാ വര്‍ഷവും കൊമ്പുകള്‍ കൊഴിക്കുന്ന ആണ്‍ മാനുകള്‍ക്ക് പുതിയ കൊമ്പുകള്‍ മുളയ്ക്കുന്ന സമയമാണിത്. അതിനാലാണ് ഈ സൂപ്പര്‍ മൂണിനെ ബക്ക് മൂണ്‍ എന്നു വിളിക്കുന്നത്. 

സാംസ്‌കാരികവും പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതുമാണ് സൂപ്പര്‍ മൂണിന്റെ കാഴ്ച. കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും സൂപ്പര്‍മൂണ്‍ ഓരോയിടങ്ങളിലും ദൃശ്യമാവുക. ബുധനാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍ തന്നെ ചന്ദ്രോദയം പ്രതീക്ഷിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ പോള്‍ ഡെലാനി പറയുന്നു. പൂര്‍ണചന്ദ്രനെ വീക്ഷിക്കുന്നത് തികച്ചും സുരക്ഷിതമാണെന്ന് ഡെലാനി വ്യക്തമാക്കി. സൂപ്പര്‍മൂണിനെ വ്യക്തമായി ദൃശ്യമാകാന്‍ ആളുകള്‍ക്ക് ബൈനോക്കുലറുകളും ഉപയോഗിക്കാം.