ആല്‍ബെര്‍ട്ടയില്‍ കുടുംബ വരുമാന നിരക്കില്‍ ഇടിവുണ്ടായി: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Jul 14, 2022, 9:59 AM


ആല്‍ബെര്‍ട്ടയില്‍ കുടുംബ വരുമാനത്തില്‍ ഇടിവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഇന്ധന വിലയിലെ കയറ്റിറക്കങ്ങളും മറ്റ് ഘടകങ്ങളുമാണ് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കാനഡയില്‍ ഏറ്റവും കൂടിയ കുടുംബ വരുമാനം ആല്‍ബെര്‍ട്ടയിലാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ സെന്‍സസ് മുതല്‍ 5,000 ഡോളര്‍ ഇടിഞ്ഞെങ്കിലും നികുതി വരുമാനത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കാല്‍ഗറിയില്‍ കുടുംബ വരുമാനം. എഡ്മന്റണിലും ഈ ഇടിവ് കണ്ടിരുന്നു. കുറഞ്ഞ എണ്ണ വില നഗര കേന്ദ്രങ്ങളെ ബാധിച്ചതിന്റെ ഫലമാണ് കുടുംബ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്. 

ഇടിവുണ്ടായെങ്കിലും, എഡ്മന്റണിലും കാല്‍ഗറിയിലും താമസിക്കുന്നവര്‍ക്ക് കാനഡയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ലഭിക്കുന്നത്. ഇത് ശരാശരി കനേഡിയന്‍ കുടുംബത്തേക്കാള്‍ 10,000 ഡോളര്‍ കൂടുതലാണെന്നാണ് കണക്കുകള്‍. 
എഡ്മന്റണില്‍ നികുതിക്ക് ശേഷമുള്ള ആളുകളുടെ ശരാശരി കുടുംബ വാര്‍ഷിക വരുമാനം 2020 ല്‍ 84,000 ഡോളറായിരുന്നപ്പോള്‍ 2015 ല്‍ 87,000 ഡോളറായിരുന്നു. അതേസമയം, കാല്‍ഗറിയില്‍ നികുതിക്ക് ശേഷമുള്ള ശരാശരി കുടുംബ വരുമാനം 2015 ല്‍ 92,000 ഡോളറില്‍ നിന്ന് 2020 ആയപ്പോഴേക്കും 87,000 ഡോളറായി കുറഞ്ഞു. ഇത് കാനഡയുടെ ശരാശരി നികുതിക്ക് ശേഷമുള്ള കുടുംബ വരുമാനമായ 73,000 ഡോളറിനേക്കാള്‍ കൂടുതലാണ്.