ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധയ്ക്ക് കാരണമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2.75 കാനഡയില്‍ കണ്ടെത്തി. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ കാനഡയില്‍ ജൂലൈ 6 വരെ ബിഎ.2.75 ന്റെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ വക്താവ് അറിയിച്ചു. ഇന്ത്യയിലുടനീളവും ഓസ്‌ട്രേലിയ, ജര്‍മ്മനി, യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളുള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ ബിഎ.2.75 സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ സബ്‌വേരിയന്റ് കൂടുതല്‍ ശക്തമായ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നുവെന്ന് കരുതുന്നുണ്ടെങ്കിലും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
മെയ് മാസത്തിലാണ് ആദ്യമായി ബിഎ.2.75 പുതിയ ഒമിക്രോണ്‍ സബ്‌വേരിയന്റ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. ചില രാജ്യങ്ങളില്‍ ബിഎ.2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയിട്ടുണ്ട്, ഇത് സംബന്ധിച്ച പഠനത്തിലാണ് തങ്ങളെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.