ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ഗ്രാഫിക് ചിത്രങ്ങളും ഉപയോഗിച്ച് ഡേറ്റിംഗ് സൈറ്റുകള്‍ വഴി തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ബെണബി പോലീസ് 

By: 600002 On: Jul 14, 2022, 7:03 AM

ഡേറ്റിംഗ് സൈറ്റുകള്‍ വഴി പരിചയപ്പെടുന്നയാളുകളെ പ്രണയം നടിച്ച് തട്ടിപ്പിന് ഇരകളാക്കുന്ന കേസുകള്‍ വര്‍ധിച്ചു വരുന്നതായി ബേണബി ആര്‍സിഎംപി. കഴിഞ്ഞ മാസത്തിനുള്ളില്‍ ഒന്‍പതോളം റിപ്പോര്‍ട്ടുകളാണ് പോലീസിന് ലഭിച്ചത്. സൈറ്റുകള്‍ വഴി പരിചയപ്പെടുന്ന ആളുകളെ അക്രമാസക്തമായ വീഡിയോകളും ഗ്രാഫിക് ചിത്രങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്നും പണം തട്ടുകയാണ് ഇവര്‍ ചെയ്യുന്നത്. 

ഡേറ്റിംഗ് സേവനങ്ങളിലൂടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുകയും പിന്നീട് ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇവരില്‍ നിന്നും പണം തട്ടുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് സംഭവങ്ങളില്‍ തട്ടിപ്പുകാര്‍ ഇരയുടെ വീട്ടിലേക്ക് എആര്‍-15 റൈഫിളുമായി വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. സൈറ്റ് വഴി വീട്ട്‌പേരും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയതിനാല്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പമാണ്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടര്‍ന്നുള്ള സന്ദേശങ്ങളില്‍ പ്രതികള്‍ മൃതദേഹങ്ങളുടെ ഗ്രാഫിക് ചിത്രങ്ങള്‍ തട്ടിപ്പിനിരയായവര്‍ക്ക് അയച്ചുകൊടുത്തു. ഇത് കണ്ട് പണം നല്‍കാന്‍ ആളുകള്‍ തയാറാന്നുവെന്നും ഇവര്‍ പറയുന്നു. 

ഡേറ്റിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പ് രീതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ വ്യക്തിയുടെ ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്നും എടുത്തതാണോ എന്നറിയാന്‍ റിവേഴ്‌സ് ഗൂഗിള്‍ ഇമേജ് സെര്‍ച്ച് നടത്താം. ഇത്തരം സൈറ്റുകളിലൂടെ പരിചയപ്പെടുന്ന വ്യക്തികള്‍ക്ക് ഒരിക്കലും പണം അയച്ചുകൊടുക്കരുതെന്നും മേല്‍വിലാസം, സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, ബാങ്ക് ഡീറ്റെയ്ല്‍സ് എന്നിവ നല്‍കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തില്‍ തട്ടിപ്പിനിരയായി എന്നു തോന്നിക്കഴിഞ്ഞാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുക.