കോവിഡ് വാക്‌സിന്‍: ഒന്റാരിയോയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വ്യാഴാഴ്ച മുതല്‍ നാലാം ഡോസ് സ്വീകരിക്കാം 

By: 600002 On: Jul 14, 2022, 6:16 AM

 

 

ഒന്റാരിയോയില്‍ വ്യാഴാഴ്ച മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നാലാം ഡോസ് സ്വീകരിക്കാമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കീരന്‍ മൂര്‍ അറിയിച്ചു. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് അസുഖ ബാധിതരായവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ നാലാം ഡോസ് ലഭ്യമാക്കുക. ആരോഗ്യമുള്ള 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ നാലാം ഡോസിനായി സെപ്റ്റംബര്‍ മാസം(fall season) വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. 

അര്‍ഹരായവര്‍ക്ക് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വാക്‌സിന്‍ സ്വീകരിച്ച് തുടങ്ങാം. പ്രൊവിന്‍ഷ്യല്‍ സിസ്റ്റം വഴി വാക്‌സിനായുള്ള അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം. അവസാന കുത്തിവെപ്പിന് ശേഷം അഞ്ച് മാസം പിന്നിട്ടവര്‍ക്കും കോവിഡ് ബാധിച്ച് മൂന്ന് മാസം കഴിഞ്ഞവര്‍ക്കും നാലാമത്തെ ഡോസ് സ്വീകരിക്കാമെന്ന് ഡോ. മൂര്‍ പറഞ്ഞു. 

ഒന്റാരിയോയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും വേനല്‍ക്കാല തരംഗത്തിലേക്ക് കടക്കുന്നതായി മൂര്‍ ചൂണ്ടിക്കാട്ടി. നിലവിലെ കോവിഡ് കേസുകള്‍ ബിഎ.5 സബ് വേരിയന്റ് മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തരംഗം ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള തീരുമാനമുണ്ടായത്.  

അതേസമയം, ക്യുബെക്കും യുഎസും നാലാം ഡോസ് നല്‍കുന്നത് നേരത്തെ ആരംഭിച്ചിരുന്നു.