നെറ്റ്‌വർക്ക് തകരാർ; 5 ദിവസത്തെ സേവനത്തിന്റെ പണം തിരികെ വാഗ്ദാനം ചെയ്ത് റോജേഴ്സ് 

By: 600007 On: Jul 13, 2022, 9:24 PM

കാനഡയിലെ പ്രമുഖ ടെലി കമ്മ്യൂണിക്കേഷൻ കമ്പിനിയായ റോജേഴ്സിന്റെ നെറ്റ്‌വർക്ക് തകരാർ മൂലം രാജ്യവ്യാപകമായി കഴിഞ്ഞ വെള്ളിയാഴ്ച് ടെലിഫോൺ, ഇന്റർനെറ്റ് തടസ്സപ്പെട്ടതിനെത്തുടർന്ന്, സേവനങ്ങളിൽ തടസ്സം നേരിട്ട എല്ലാ ഉപഭോക്താക്കൾക്കും അഞ്ച് ദിവസത്തെ സേവനത്തിന്റെ പണം തിരികെ നൽകുമെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ഓരോ ഉപഭോക്താവിനും ശരാശരി എത്ര തുക തിരികെ ലഭിക്കുമെന്ന് സൂചിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ ഉപഭോക്താക്കൾക്കും അടുത്ത മാസത്തെ ബില്ലിൽ പണം ബിൽ ക്രെഡിറ്റ് ആയി നൽകുമെന്ന് റോജേഴ്സ് അറിയിച്ചു.

സേവനങ്ങളിൽ തടസ്സം നേരിട്ട എല്ലാ ഉപഭോക്താക്കൾക്കും ബിൽ ക്രെഡിറ്റ് ആണ് ലഭിക്കുകയെന്നും ക്രെഡിറ്റ് ലഭിക്കുവാൻ ഉപഭോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം മെസ്സേജുകളെക്കുറിച്ച് ഞായറാഴ്ച റോജേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. സംശയാസ്പദമായ ടെക്‌സ്‌റ്റ് മെസ്സേജുകൾ ലഭിക്കുന്ന ഉപഭോക്താക്കളോട് അത്തരത്തിലുള്ള മെസ്സേജുകൾ 7726(SPAM) എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്‌ത് സ്‌പാമായി റിപ്പോർട്ട് ചെയ്യാൻ കമ്പനി അഭ്യർത്ഥിച്ചിരുന്നു. അതോടൊപ്പം തന്നെ പിൻ, അക്കൗണ്ട് നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കാൻ കമ്പനി ഒരിക്കലും ഇമെയിൽ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ ഫോൺ വഴി ബന്ധപ്പെടില്ലെന്നും റോജേഴ്സിന്റെ വെബ്‌സൈറ്റിൽ പറയുന്നു.