പലിശ നിരക്ക് 2.5 ശതമാനമാക്കി ഉയർത്തി ബാങ്ക് ഓഫ് കാനഡ; 1998 ന് ശേഷമുള്ള ഏറ്റവും വലിയ നിരക്ക് വർദ്ധന 

By: 600007 On: Jul 13, 2022, 8:58 PM

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ ചെറുക്കൻ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് വർധിപ്പിച്ച് 2.5 ശതമാനമാക്കി ഉയർത്തി ബാങ്ക് ഓഫ് കാനഡ. 1998 ഓഗസ്റ്റിന് ശേഷം സെൻട്രൽ ബാങ്ക് നടത്തുന്ന ഏറ്റവും വലിയ നിരക്ക് വർദ്ധനയാണിത്.

ഉക്രെയ്‌നിലെ യുദ്ധവും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളോടൊപ്പം ആഭ്യന്തര കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ അധിക ഡിമാന്ഡുമെല്ലാമാണ് പണപ്പെരുപ്പം കൂടുവാനുള്ള കാരണങ്ങളായി സെൻട്രൽ ബാങ്ക് വിലയിരുത്തുന്നത്. മെയ് മാസത്തിൽ, കാനഡയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 7.7 ശതമാനത്തിലെത്തിയിരുന്നു. 

പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് സെൻട്രൽ ബാങ്കിന്റെ ലക്ഷ്യമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്‌ലെം ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വരും മാസങ്ങളിലും പണപ്പെരുപ്പം തുടരുമെന്നും ഏകദേശം 8 ശതമാനത്തിൽ എത്തുമെന്നുമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 2022 അവസാനത്തോടെ പണപ്പെരുപ്പം ഉയരുന്നത് കുറയുമെന്നും 2023 അവസാനത്തോടെ 3 ശതമാനത്തിലേക്കും 2024 അവസാനത്തോടെ 2 ശതമാനത്തിലേക്ക് എത്തുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പത്തെ ചെറുക്കുവാൻ ഈ വർഷം അവസാനം വരെ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് വർധന തുടരുമെന്നാണ് റിപ്പോർട്ടുകൾ.