കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസ് അന്തരിച്ചു

By: 600021 On: Jul 13, 2022, 2:58 PM

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഒ.കെ.രാംദാസ് (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു ആയിരുന്നു അന്ത്യം. പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. മൃതദേഹം വസതിയായ ജഗതി മില്ലേനിയം അപ്പാർട്മെന്റിൽ ഇന്ന് രാത്രി 8.30 വരെ പൊതു ദർശനത്തിനു ശേഷം സ്വദേശമായ കണ്ണൂർ തളാപ്പിലെ വീട്ടിലേക്കു കൊണ്ടു പോകും. അവിടെ നാളെ ഉച്ചയ്ക്കാവും സംസ്കാരം.
 
കേരളത്തിന്റെ രഞ്ജി ട്രോഫി ചരിത്രത്തിലെ മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്ന  രാംദാസ് കണ്ണൂർ ക്രിക്കറ്റ് ക്ലബിലൂടെയാണു കടന്നുവന്നത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റനായിരുന്നു. 20–ാം വയസിൽ കേരള രഞ്ജി ട്രോഫി ടീമിലെത്തിയ അദ്ദേഹം 13 വർഷം ടീമിനെ നയിച്ചു. 1970 മുതൽ 73 വരെ മൂന്നു സീസണുകളിൽ ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 35 മത്സരങ്ങളിലെ 68 ഇന്നിങ്സുകളിലായി 11 അർധ സെഞ്ചുറി ഉൾപ്പെടെ 1647 റൺസ് നേടിയിട്ടുണ്ട്. പാർട് ടൈം സ്പിന്നറായി രണ്ട് വിക്കറ്റും സ്വന്തമാക്കി.
 
1967 മുതൽ എസ്.ബി.ടി ടീമിൽ അംഗമായ അദ്ദേഹം 1975–76ൽ ക്യാപ്റ്റനായിരുന്നു. എസ്.ബി.ടിയിൽ സ്പോർട്സ് മാനേജരായാണു വിരമിച്ചത്. ബി.സി.സി.ഐ റഫറി, കേരള ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ശോഭ, മകൻ :കപിൽ രാംദാസ്.