ശ്രീലങ്കയിൽ അടിയന്തരാവസ്ഥ; പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു

By: 600021 On: Jul 13, 2022, 2:53 PM

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടതിനെ തുടർന്ന് രാജ്യത്ത് വീണ്ടും കലാപം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു. ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ റനിൽ വിക്രമസിംഗെയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികൾ നടത്തിയ മാർച്ചും അക്രമാസക്തമായതിനെ തുടർന്ന് സുരക്ഷാ സേന പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തെരുവിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
സർക്കാർ ഉടമസ്ഥതയിലുള്ള രൂപവാഹിനി ചാനൽ പ്രക്ഷോഭകർ കയ്യേറിയതിനെ തുടർന്ന് പ്രക്ഷേപണം നിർത്തി വച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് പരിസരത്തേക്ക് കടന്നു കയറിയ പ്രതിഷേധക്കാർ ഗേറ്റുകൾ തകർത്തു. അക്രമികളെ പിടികൂടാനും വാഹനങ്ങൾ പിടിച്ചെടുക്കാനും വിക്രമസിംഗെ ഉത്തരവിട്ടു.
 
മാലദ്വീപിലേക്ക് പോയ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ നിയമിച്ചതായി സ്പീക്കറെ അറിയിക്കുകയായിരുന്നു.  സ്പീക്കർ ഇടക്കാല പ്രസിഡന്റായി വികമസിംഗയെ പ്രഖ്യാപിച്ചു.
ജൂലൈ 20ന് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും.
 
ആയിരക്കണക്കിനു പ്രക്ഷോഭകര്‍ കൊളംബോയില്‍ സംഘടിച്ചെത്തി പ്രസിഡന്റിന്റെ വസതി കയ്യടക്കുകയും റനില്‍ വിക്രമസിംഗെയുടെ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ബുധനാഴ്ച രാജിയെന്ന തീരുമാനം സ്പീക്കര്‍ പരസ്യമാക്കിയിരുന്നു. ഇരുവരും രാജിവയ്ക്കാതെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഗോട്ടബായ രാജ്യം വിട്ടതോടെ ജനം വീണ്ടും തെരുവിലിറങ്ങുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.