നാഗ്പൂരിൽ കനത്ത മഴയിൽ പാലത്തിൽ നിന്ന് കാർ ഒലിച്ചുപോയി മൂന്ന് മരണം

By: 600021 On: Jul 13, 2022, 2:35 PM

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കനത്ത മഴയിൽ പാലം കടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. അപകടത്തിൽ 
മൂന്ന് പേരെ കാണാതായി. നാട്ടുകാർ നോക്കി നിൽക്കവേയാണ് കാർ ഒഴുകിപ്പോയത്.വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുക‌യായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ള റോഷ്‌നി ചൗകിദാർ (32), ദർശ് ചൗകിദാർ (10), കാർ ഡ്രൈവർ ലീലാധർ ഹിവാരെ (38) എന്നിവരാണ് മരിച്ചത്. മധുകർ പാട്ടീൽ (65), ഭാര്യ നിർമല (60), നീമു ആറ്റ്‌നർ (45) എന്നിവരെയാണ് കാണാതായത്.
 
ജൂൺ ഒന്നു മുതൽ ജൂലൈ 10 വരെ മഹാരാഷ്ട്രയിൽ മഴക്കെടുതിയെ തുടർന്ന് 83 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച അറി‌യിച്ചു. മുംബൈയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 12 മരണങ്ങളും നാഗ്പൂരിൽ നാല് മരണങ്ങളും രേഖപ്പെടുത്തി.