ഐ.പി.എൽ മാതൃകയിൽ പാടത്ത് സെറ്റിട്ടു; ഗുജറാത്തിൽ ക്രിക്കറ്റ് തട്ടിപ്പ്

By: 600021 On: Jul 13, 2022, 2:23 PM

ഗുജറാത്തിൽ ഐ.പി.എൽ മത്സരത്തിന് സമാനമായി പാടത്ത് സെറ്റിട്ട് ക്രിക്കറ്റ് നടത്തി തട്ടിപ്പ്. റഷ്യൻ വാതുവയ്പ് സംഘമാണ് തട്ടിപ്പിനിരയായത്. മോലിപുര്‍ ഗ്രാമത്തിലാണ് വ്യാജ ഐ.പി.എൽ അരങ്ങേറിയത്. ഷോയിബ് ദാവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഇയാൾക്ക് പുറമേ മൂന്നു പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
ഐ.പി.എൽ മാതൃകയിൽ ടീമുകൾക്ക് പേരിട്ട തട്ടിപ്പ് സംഘം കളിക്കാൻ ദിവസക്കൂലിയില്‍ ആളുകളെ നിയമിച്ച ശേഷം യൂട്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചു. ഐ.പി.എൽ പോലുള്ള വലിയ മത്സരമാണെന്ന് തെറ്റിദ്ധരിച്ചാണ് റഷ്യക്കാർ വാതുവയ്പിനിറങ്ങിയത്. വാതുവയ്പിന്റെ വിവരങ്ങൾ റഷ്യയിൽ നിന്ന് ഇവിടേക്ക് ചോർത്തി കളിയിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പു നടത്തിയത്. വാതുവയ്പിന് പേരുകേട്ട റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനാണ് സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഷോയിബ്. ഇവിടെവെച്ചു പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്റെ നിർദേശപ്രകാരമായിരുന്നു ഐ.പി.എല്‍ മാതൃകയിൽ തട്ടിപ്പു നടത്തിയത്.
 
സെഞ്ചറി ഹിറ്റേഴ്സ് ട്വന്റി 20 എന്ന പേരിലാണ് മത്സരങ്ങള്‍ നടന്നത്. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗർ ചലഞ്ചേഴ്സ്, പാലന്‍പുർ സ്പോർട്സ് കിങ്സ് എന്നിങ്ങനെ ടീമുകൾക്ക് പേരിട്ടു. ഓരോ ടീമിനും പ്രത്യേക ജഴ്സികളും തയ്യാറാക്കി. കർഷകരെയും ചെറുപ്പക്കാരെയും ഉൾപ്പെടുത്തിയാണ് ടീം തയ്യാറാക്കിയത്. ഒരു കളിക്ക് 400 രൂപയായിരുന്നു കളിക്കാർക്ക് പ്രതിഫലം നൽകിയത്.
 
രണ്ടാഴ്ച മുൻപാണ് മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിച്ചത്. റഷ്യയിലുള്ള ആസിഫ് വാതുവയ്പുകാരുമായി ബന്ധപ്പെട്ട് ബെറ്റുകൾ സ്വീകരിച്ചുതുടങ്ങി. ഈ വിവരം മോലിപുറിലുള്ള ഷോയിബിന്റെ സംഘാംഗം സാക്കിബിനെ ആസിഫ് ടെലിഗ്രാം ആപ് വഴി അറിയിക്കും. സാക്കിബ് ഈ വിവരം ഗ്രൗണ്ടിൽ അംപയർമാരുടെ വേഷത്തിലുള്ള മറ്റു സംഘാംഗങ്ങളെ വോക്കി ടോക്കി വഴി അറിയിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. മത്സരത്തിന്റെ വിശ്വാസ്യത കൂട്ടാൻ പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ ശബ്ദം അനുകരിക്കുന്ന ആളെ നിയോഗിച്ചിരുന്നു. ഈ മത്സരങ്ങൾ ഇപ്പോഴും യൂട്യൂബിൽ സെഞ്ചറി ഹിറ്റേഴ്സ് എന്ന ചാനലിൽ ലഭ്യമാണ്.