രാജ്യാന്തര സൈക്കിൾ പോളോ താരം ടി. കുമാർ അന്തരിച്ചു

By: 600021 On: Jul 13, 2022, 2:07 PM

രാജ്യാന്തര സൈക്കിൾ പോളോ താരമായ ടി. കുമാർ (55) അന്തരിച്ചു. തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശിയാണ്. 1996-ൽ അമേരിക്കയിലെ റിച്ച്ലാൻഡിൽ നടന്ന പ്രഥമ ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.1999, 2000, 2001 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിലും കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനായി കളിച്ചു.
 
2004-ൽ ബ്രിട്ടണിൽ ചെൽസിയും ഓക്സ്ഫോർഡ് ടീമും തമ്മിൽ നടന്ന  പ്രദർശന മത്സരത്തിൽ വില്യം രാജകുമാരനൊപ്പവും കുമാർ കളിച്ചിട്ടുണ്ട്. ഒമ്പത് തവണ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ജി.വി രാജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കനേഡിയൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ക്ഷണം ലഭിച്ച അദ്ദേഹത്തിന് കടുത്ത പ്രമേഹം  തിരിച്ചടിയാകുകയായിരുന്നു. രോഗത്തെ തുടർന്ന് 2006-ൽ  മത്സരങ്ങളിൽ നിന്ന് വിരമിച്ചു.