ടൈം മാഗസിൻ പുറത്തിറക്കിയ കണ്ടിരിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും

By: 600021 On: Jul 13, 2022, 1:53 PM

ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ മനോഹരമായതും കണ്ടിരിക്കേണ്ടതുമായ സ്ഥലങ്ങളുടെ പുതിയ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളവും അഹമ്മദാബാദും ഇടം പിടിച്ചു. 
 
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണ്. അതിനാൽ തന്നെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് അനുയോജ്യമാണെന്നും ലേഖനം വ്യക്തമാക്കുന്നു. കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർശമുണ്ട്.
 
ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദില്‍ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്നതായി ടൈം മാസിക ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാണെന്നും മാസികയില്‍ പറയുന്നുണ്ട്. സബർമതി ആശ്രമം മുതൽ സയൻസ് സിറ്റി വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം വ്യക്തമാക്കുന്നു.