ഉയർന്ന വിലകൾക്കും കുറഞ്ഞ ഒഴിവ് നിരക്കുകൾക്കും പേരുകേട്ട വാൻകോവർ നഗരത്തിന്റെ വാടക വിപണി റെക്കോർഡ് ഭേദിക്കുകയാണ്. കാനഡയിലെ ജയിൽ സെല്ലിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള ജനാലയില്ലാത്ത ബെഡ് സ്പേസുകൾ വാൻകൂവറിൽ ഈടാക്കുന്നത് 750 ഡോളർ വരെയെന്ന് റിപ്പോർട്ടുകൾ. 6 അടി പൊക്കമുള്ള ഒരാളെ ഉൾക്കൊള്ളാൻ പോലും അപര്യാപ്തമാണ് ഇത്തരത്തിലുള്ള റെന്റൽ സ്പേസുകൾ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം ഭക്ഷണം മുതൽ ഫർണിച്ചർ വരെയുള്ള എല്ലാറ്റിന്റെയും വില അനുദിനം വർധിക്കുന്നതിനനുസരിച്ച് ജീവിത ചിലവ് താങ്ങാനാകാത്ത ആളുകളാണ് ഇത്തരം അപര്യാപ്തമായ ഇടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകേണ്ടി വരുന്നത്.
താങ്ങാനാകുന്ന ഭവനം എന്ന നിലയിലാണ് ഷെയേർഡ് സ്പേസുകൾ പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ പ്രതിമാസം 1,000 ഡോളറിൽ താഴെയുള്ള പല ബെഡ് സ്പേസുകളും ഗുഹയ്ക്ക് സമാനമായി ജനാലകൾ ഇല്ലാത്തതും 70×62 ഇഞ്ച് മാത്രം വലുപ്പമുള്ളവയുമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സ്പേസുകൾ 75 ഇഞ്ച് നീളമുള്ള ഒരു ബെഡ് പോലും ഉൾക്കൊള്ളാൻ അപര്യാപ്തമാണ്. ഏകദേശം 2,000 ഡോളറിനടുത്താണ് വാൻകൂവറിലെ ഒരു സ്റ്റുഡിയോയുടെ നിലവിലെ വാടക.