സൗദിയിൽ ഗതാഗതം അടക്കം വിവിധ മേഖലകൾ സ്വദേശിവൽക്കരിക്കുന്നു

By: 600002 On: Jun 23, 2022, 2:12 PM

സൗദിയിൽ ഗതാഗതം, വ്യോമയാനം, ഒപ്റ്റിക്കൽസ് തുടങ്ങി വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നതായി റിപ്പോർട്ട്‌. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക്‌ ഇതു തിരിച്ചടിയായേക്കും. സെയിൽസ് ഔട്ട്ലറ്റുകളിലെ തസ്തികകളും സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണു സ്വദേശിവൽക്കരണം നടപ്പാക്കുക.
 
വ്യോമയാന തൊഴിലുകൾ , വാഹന പരിശോധന ജോലികൾ , തപാൽ സേവനങ്ങൾ , പാഴ്സൽ ഗതാഗതം , ഉപഭോക്തൃ സേവനം എന്നിവയാണ് ഉൾപ്പെടുക. ഇതിനായുള്ള പുതിയ തീരുമാനങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പ്രഖ്യാപിച്ചത്. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായാണു തീരുമാനം. ഇതു മൂലം 33,000 ലേറെ ജോലികൾ സ്വദേശികൾക്കു ലഭ്യമാകുമെന്നാണു കണക്കുകൂട്ടൽ.