ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ലക്ഷ്വറി കപ്പല്‍ നദീയാത്രയ്ക്ക് ഡിസംബറില്‍ തുടക്കം

By: 600002 On: Jun 23, 2022, 1:58 PM

ഇന്ത്യയില്‍ നിന്നും ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയ്ക്ക് ഒരുങ്ങുകയാണ് അന്താര ലക്‌ഷ്വറി റിവര്‍ ക്രൂസ് കമ്പനി. ബുക്ക് ചെയ്ത സഞ്ചാരികളെയും വഹിച്ചുകൊണ്ട്, കമ്പനിയുടെ അന്താര ഗംഗാ വിലാസ് കപ്പൽ  3000 മൈൽ ദൈർഘ്യമുള്ള 53 ദിവസത്തെ നദീയാത്ര ഡിസംബറിൽ ആരംഭിക്കും.
 
യാത്ര, ഉത്തർപ്രദേശിലെ കാശിയിൽനിന്ന് ആരംഭിച്ച് അസമിലെ ദിബ്രുഗഡിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ 27 ചെറിയ നദികളിലൂടെ സഞ്ചരിക്കുന്ന കപ്പൽ ബംഗ്ലദേശിലൂടെയും സഞ്ചരിക്കും.
 
ദക്ഷിണേഷ്യന്‍ സംസ്കാരത്തെ അടുത്തറിയാനും ആഴത്തില്‍ മനസ്സിലാക്കാനും ഈ യാത്ര വിനോദസഞ്ചാരികൾക്ക് അവസരം നല്‍കും. സാംസ്കാരികവും ചരിത്രപരവുമായ പ്രധാന്യമുള്ള ഇടങ്ങളിലൂടെയും പ്രകൃതിമനോഹാരിത നിറഞ്ഞ പ്രദേശങ്ങളിലൂടെയുമെല്ലാം ഇത് കടന്നുപോകും. യാത്രക്കാര്‍ക്ക് ഹോപ്പ്-ഓൺ, ഹോപ്പ്-ഓഫ് ഓപ്ഷനുകള്‍ ഉപയോഗിച്ച് മുഴുനീളയാത്രയില്‍ പങ്കെടുക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍നിന്ന് കയറുകയും കാണേണ്ട സ്ഥലം കഴിയുമ്പോള്‍ ഇറങ്ങുകയും ചെയ്യാം.
 
ഗ്രാൻഡ് ക്രൂസ് എന്നാണ് ഈ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ലോക പൈതൃക സൈറ്റുകളും ഈ യാത്രയില്‍ ഉള്‍പ്പെടും. ബംഗാളിലെ പ്രശസ്തമായ സുന്ദര്‍ബന്‍സ്   ബംഗ്ലദേശിലെ ബാരിസൽ, ബാഗർഹട്ട്, ധക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സഞ്ചാരികളെ കൊണ്ടുപോകും. ഇരു രാജ്യങ്ങൾക്കുമിടയിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യ, ബംഗ്ലദേശ് സർക്കാരുകളുടെ പരസ്പര പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ട്.
 
മലിനീകരണ രഹിതമായ നിര്‍മാണശൈലിയാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. പനോരമിക് ലോഞ്ച്, സൺ ഡെക്ക്, പവലിയൻ, സ്പാ, ജിം എന്നിവയെല്ലാം ഒരുക്കിയിട്ടുള്ള ഗംഗാവിലാസ് കപ്പല്‍, ഒരു ലക്‌ഷ്വറി ഹോട്ടലിന് സമാനമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുന്നത്.