വിയന്ന; ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണം

By: 600002 On: Jun 23, 2022, 1:49 PM

ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. സെൻസർഷിപ്പും ഉക്രൈൻ അധിനിവേശവും മൂലം റഷ്യൻ പട്ടണങ്ങളായ മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നാക്കം പോയി. 
 
ന്യൂസീലൻഡിലെ ഓക്ക്‌ലൻഡായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയിൽ ഒന്നാമത്. എന്നാൽ, പുതിയ പട്ടികയിൽ ഓക്ക്‌ലൻഡ് 34ആം സ്ഥാനത്താണ്. സ്ഥലത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്‌ലൻഡിനെ പട്ടികയിൽ താഴേക്ക് ഇറക്കിയത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 12ആം സ്ഥാനത്തായിരുന്ന വിയന്ന 2018, 19 വർഷങ്ങളിൽ  ഒന്നാമതായിരുന്നു.
 
പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ആറിലും യുറോപ്യൻ പട്ടണങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻ ഹേഗനും സ്വിറ്റ്സർലൻഡ് പട്ടണമായ സൂറിച്ചും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. കാനഡയിലെ മൂന്ന് നഗരങ്ങൾ ആദ്യ പത്തിലുണ്ട്. കാൽഗറി സൂറിച്ചുമായി മൂന്നാം സ്ഥാനം പങ്കിടുമ്പോൾ വാൻകൂവർ അഞ്ചാമതും ടൊറൻ്റോ എട്ടാമതുമാണ്. സ്വിറ്റ്സർലൻഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാമതുണ്ട്.  ജർമനി നഗരം ഫ്രാങ്ക്‌ഫർട്ട് ഏഴാമതും നെതർലൻഡ് തലസ്ഥാനം ആംസ്റ്റർഡാം 9ആമതുമാണ്. ജപ്പാൻ നഗരം ഒസാക്കയും ഓസ്ട്രേലിയൻ നഗരം മെൽബണും 10ആം സ്ഥാനം പങ്കിടുകയാണ്.
 
ഫ്രാൻസ് തലസ്ഥാനമായ പാരിസ് പട്ടികയിൽ 19ആമതാണ്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടൻ 33ആമതാണ്. സ്പെയിൻ നഗരങ്ങളായ ബാഴ്സലോണ 35ആമതും മാഡ്രിഡ് 43ആമതുമുണ്ട്. അമേരിക്കൻ നഗരമായ ന്യൂയോർക്ക് 51ആമതും ചൈന തലസ്ഥാനം ബീജിങ് 71ആമതും എത്തി.
 
ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയിൽ യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഉൾപ്പെട്ടില്ല.