ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപഗ്രഹദൗത്യം ജിസാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു

By: 600002 On: Jun 23, 2022, 1:25 PM

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24  വിജയകരമായി വിക്ഷേപിച്ചു. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു ബാന്റ് ഉപഗ്രഹം ഏരിയന്‍ 5 ആണ് ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ യുടെ വാണിജ്യവിഭാഗമാണ് ന്യൂ സ്‌പേസ്. 
ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പുലര്‍ച്ചെ 3 20 നാണ് ജിസാറ്റ് 24 കുതിച്ചുയര്‍ന്നത്. ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഓരോ വാര്‍ത്താ വിനിമയ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായി 2019 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി എന്‍.എസ്‌.ഐ.എൽ  രൂപീകരിച്ചത്.
 
ടി.ഡി.എച്ച് സേവനങ്ങള്‍ക്കായി പാന്‍ ഇന്ത്യ കവറേജും 4180 കിലോ ഭാരവുമുള്ള 24 കെ.യു ബാന്റ് ആശയ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഉപഗ്രഹത്തിന് 15 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്.