ആൽബെർട്ടയിൽ വർധിച്ചുവരുന്ന ഊർജ്ജച്ചെലവിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവിശ്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച ഇന്ധന നികുതി സസ്പെൻഷൻ തുടരുമെന്നും 50 ഡോളർ വൈദ്യുതി റിബേറ്റ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഭ്യമാകുമെന്ന് ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു.
രാജ്യവ്യപകമായി ഇന്ധനവില ഉയർന്നിട്ടുണ്ടെങ്കിലും ഇന്ധന നികുതി പിരിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നതിനാൽ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബെർട്ടയിൽ ഇന്ധന നിരക്ക് കുറവാണ്. മാർച്ച് മാസം മുതലാണ് ആൽബെർട്ടയിൽ ഗ്യാസ് നികുതി പിരിക്കുന്നത് താൽക്കാലികമായി നിർത്തിയത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിലെ (ഡബ്ല്യു.ടി.ഐ) വില ബാരലിന് 90 യു.എസ് ഡോളറിന് മുകളിൽ തുടരുന്നിടത്തോളം കാലം ഇന്ധന നികുതി പിരിക്കുകയില്ലെന്നും മൂന്നു മാസം കൂടുമ്പോൾ ഇവ വിലയിരുത്തകയും ചെയ്യുമെന്ന് ഗവൺമെൻറ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
കാനഡയിലെ ഒരു ലിറ്റർ ഗ്യാസിന്റെ വില 2.03 ഡോളറും ആൽബെർട്ടയിൽ 1.88 ഡോളറുമാണ് ഗ്യാസ്ബഡി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.