കാനഡയിൽ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം മേയിലെ വാർഷിക പണപ്പെരുപ്പനിരക്ക് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇക്കാരണത്താൽ രാജ്യത്തു താമസിക്കുന്നവരുടെ ജീവിത ചിലവുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് മെയ് മാസത്തിലെ ഉപഭോക്തൃ വില സൂചിക 7.7 ശതമാനം ഉയർന്നതായി സ്റ്റാറ്റിറ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. 1983 ഇൽ ഉണ്ടായ 8.2 ശതമാനത്തിന്റെ വർദ്ധനവിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഏപ്രിലിൽ 6.8 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
മെയ് മാസത്തിലെ പെട്രോൾ വില ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഏകദേശം 48 ശതമാനമാണ് ഉയർന്നത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടി ബാങ്ക് ഓഫ് കാനഡ ഈ വർഷം മൂന്ന് തവണയാണ് പ്രധാന പലിശ നിരക്ക് ഉയർത്തിയത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ മെയിലെ റിപ്പോർട്ട് പ്രകാരം ഗ്രോസറികളുടെ വില ഒരു വർഷം മുമ്പത്തെതിനെ അപേക്ഷിച്ച് 9.7 ശതമാനം ഉയർന്നിട്ടുണ്ട്. എഡിബിൾ ഫാറ്റുകളുടെയും ഓയിലുകളുടെയും വില 30 ശതമാനവും പച്ചക്കറി വില 10.3 ശതമാനവും ഉയർന്നു.