കാനഡയുടെ തെക്കൻ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സ്കിൻ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മക്ഗിൽ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. കാനഡയിൽ ഇത്തരത്തിലുള്ള ക്യാൻസറിന്റെ നിരക്ക് വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ക്യൂബെക്ക് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലേയും ക്യുട്ടേനിയസ് മെലനോമ (cutaneous melanoma) ബാധിച്ച രോഗികളുടെ 2011 മുതൽ 2017 വരെയുള്ള കാലയളവിലെ ഡാറ്റ വിശകലനം ചെയ്‌താണ് പീർ-റിവ്യൂഡ് ജേണലായ ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിനിൽ തിങ്കളാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഇത്തരത്തിൽ മെലനോമ രോഗനിർണയം നടത്തിയ 39,610 രോഗികളിൽ 5,890 പേർ മരിച്ചുവെന്ന് ഡാറ്റ കാണിക്കുന്നു. കേസുകളിൽ 46 ശതമാനവും മരണങ്ങളിൽ 37 ശതമാനവും സ്ത്രീകളാണ്. 2013 മുതൽ മരണനിരക്ക് കുറഞ്ഞുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രിൻസ് എഡ്വേർഡ് ഐലൻഡിലും നോവ സ്കോഷ്യയിലുമാണ് രാജ്യത്ത് ഏറ്റവും ഉയർന്ന ക്യുട്ടേനിയസ് മെലനോമ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത് . പ്രെയ്‌റി പ്രവിശ്യകളിലെയും രാജ്യത്തിന്റെ കൂടുതൽ വടക്കൻ ഭാഗങ്ങളിലെയും നിരക്കുകൾ കനേഡിയൻ ശരാശരിയേക്കാൾ കുറവാണ്.
വിൻസർ മുതൽ മോൺട്രിയൽ വരെയും തെക്കുപടിഞ്ഞാറൻ ഒന്റാരിയോ, ഓട്ടവ, നോവ സ്‌കോഷ്യ, പി.ഇ.ഐ ന്യൂ ബ്രൺസ്‌വിക്കിലെ ചില തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മെലനോമയുടെ അളവ് കൂടുതലാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന ഓസോൺ പാളികളുടെ ശോഷണമാണ് മെലനോമ രോഗത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നതാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.