ആൽബെർട്ടയിൽ ഭവനനിർമ്മാണങ്ങൾ കുതിപ്പിന്റെ പാതയിൽ  

By: 600007 On: Jun 22, 2022, 7:35 PM

 

എണ്ണവില വില വർധനവിനെ തുടർന്ന് ആൽബെർട്ടയിൽ ഭവനനിർമ്മാണം കുതിപ്പിന്റെ പാതയിലെന്ന്  സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്  ഭവന നിർമ്മാണങ്ങൾ മെയ് മാസത്തിൽ 15.2 ശതമാനം വർധിച്ച് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന യൂണിറ്റായ 46,456 ലെത്തി. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ആൽബെർട്ടയിൽ ഇപ്പോഴത്തെ ഭവന നിർമ്മാണം നിരക്കുകൾ എന്നാണ് റിപ്പോർട്ടുകൾ.

റൂറൽ ഏരിയകളെ ഒഴിവാക്കി 10,000-മോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗര കേന്ദ്രങ്ങളെ മാത്രം കണക്കിലെടുത്താൽ, ആൽബെർട്ടയിലെ ഭവന നിർമ്മാണങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച്  34.6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിർമാണമേഖലയിൽ ഏറ്റവും വളർച്ചയുള്ളത് കാൽഗറിയിലാണെന്ന് ആൽബെർട്ട ബിൽഡിംഗ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ പറയുന്നു. 

2010 മുതൽ 2014 വരെ ആൽബെർട്ടയിൽ ഭവന നിർമാണമേഖലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് എണ്ണവിലയിൽ മാന്ദ്യം നേരിട്ടതിനാൽ ഭവന നിർമാണവും മന്ദഗതിയിലായി.ആൽബെർട്ട വീണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ താമസക്കാരെ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും, 2015-ന് ശേഷം ആദ്യമായി 2021-ന്റെ നാലാം പാദത്തിൽ ഇന്റർ പ്രൊവിൻഷ്യൽ മൈഗ്രേഷനിൽ ഏറ്റവും മുന്നിൽ ആൽബെർട്ടായാണെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം നിർമ്മാണമേഖലയിൽ വെല്ലുവിളികളും നേരിടുന്നുണ്ടെന്ന് ബിൽഡർമാർ പറയുന്നു.  തൊഴിലാളികളുടെ അഭാവം ചില സന്ദർഭങ്ങളിൽ പ്രോജക്റ്റ് പൂർത്തീകരണം വൈകിപ്പിക്കുന്നുണ്ട്. കോവിഡിനെ തുടർന്നുണ്ടായ വിതരണ ശൃംഖല പ്രശ്നങ്ങൾ  തടി, ടോയ്‌ലറ്റുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയവയുടെ ലഭ്യതയെയും ബാധിക്കുന്നു.