പ്ലസ് ടു പരീക്ഷ തോൽവി; രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

By: 600002 On: Jun 22, 2022, 4:37 PM

കേരളത്തിൽ പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു.  ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്താണ് ആത്മഹത്യ.
 
ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതി തൂങ്ങിമരിക്കുകയായിരുന്നു. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു. 
 
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ.  പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.