ഒന്നാം റാങ്കിലും ഒന്നിച്ച് ഇരട്ട സഹോദരിമാർ

By: 600002 On: Jun 22, 2022, 4:29 PM

ഇരട്ട സഹോദരങ്ങളായ ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല പ്ലാന്റ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഷയങ്ങളിലാണ് ഇരട്ടകളായ ഹരിതയും ഹരിശ്രീയും ഒരേ മാർക്കോടെ ഒന്നാം റാങ്ക് നേടിയത്. കുഞ്ഞിപാറ കുന്നും കിണറ്റുകരയിലെ ശങ്കരൻ നമ്പൂതിരി (ഹരി) യുടെയും ഉഷാകുമാരിയുടെയും 3 മക്കളിൽ ഇരട്ടകളായ ഇവർക്ക് വിജയത്തിലെ ഒരുമ പുതുമയല്ല.
 
കുഞ്ഞിപാറ ഗവ. വെൽഫെയർ യുപി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഏകദേശം ഒരേ മാർക്കോടെയാണ് ഇരുവരും വിജയിച്ചത്. കൊടക്കാട് കേളപ്പജി ഹൈസ്ക്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചപ്പോൾ രണ്ട് പേർക്കും എല്ലാ വിഷയത്തിലും എ പ്ലസ്.
 
ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു വിജയിച്ചപ്പോഴും രണ്ടു പേർക്കും 94% മാർക്ക്. ഡിഗ്രിക്ക് 95.55% മാർക്ക് നേടി ഹരിതയും 95.56% മാർക്ക് നേടി ഹരിശ്രീയും ഒന്നാം റാങ്കോടെ വിജയം ആവർത്തിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് നെഹ്റു കോളജിലായിരുന്നു ഇവരുടെ ബിരുദപഠനം.