സിനിപ്ലെക്സ്  ഓൺലൈൻ ടിക്കറ്റ് പർച്ചേസിന് ഇനി മുതൽ 1.50 ഡോളർ ബുക്കിംഗ് ഫീസ് 

By: 600007 On: Jun 21, 2022, 8:45 PM

കാനഡയിലെ ഏറ്റവും വലിയ ഫിലിം എക്സിബിറ്ററായ സിനിപ്ലെക്സ്  തങ്ങളുടെ മൊബൈൽ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും വാങ്ങുന്ന ഓരോ ടിക്കറ്റിനും 1.50 ഡോളർ ബുക്കിംഗ് ഫീസ് ഏർപ്പെടുത്തിയതായി അറിയിച്ചു. വെബ്‌സൈറ്റ് അപ്‌ഗ്രേഡുകൾ ഉൾപ്പെടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ കൂടുതൽ നിക്ഷേപം നടത്താനും മാറ്റങ്ങൾ വരുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ ചാർജ് ഈടാക്കുന്നതെന്ന്  കമ്പനി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. . 

ബോക്‌സ് ഓഫീസ്, ടിക്കറ്റ് കിയോസ്‌ക്കുകൾ, കൺസഷൻ സ്റ്റാൻഡുകൾ എന്നിവ വഴി നേരിട്ട് ടിക്കറ്റ് മേടിക്കുമ്പോൾ ബുക്കിങ് ഫീസ് ബാധകമല്ല. അതുപോലെതന്നെ  സീൻ പ്ലസ് റിവാർഡ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ബുക്കിംഗ് ഫീസ് 1 ഡോളർ എന്ന നിരക്കിലും കമ്പനിയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമായ സിനിക്ലബിലെ അംഗങ്ങൾക്ക് ബുക്കിങ് ഫീസ് നൽകേണ്ടതില്ലെന്നും സിനിപ്ലെക്സ് അധികൃതർ അറിയിച്ചു.