ഡൗൺ പേയ്‌മെന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തി നോവ സ്കോഷ്യ

By: 600007 On: Jun 21, 2022, 8:03 PM

നോവ സ്കോഷ്യ ഡൗൺ പേയ്‌മെന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തുന്നു. പുതിയ മാറ്റങ്ങൾ പ്രകാരം അർഹരായ നോവ സ്കോഷ്യക്കാർക്ക് ആദ്യ വീട് വാങ്ങുമ്പോൾ, വിലയുടെ അഞ്ച് ശതമാനം വരെ, പലിശ രഹിതമായി തിരിച്ചടക്കാവുന്ന വായ്പ ലഭ്യമാകും.

റിയൽഎസ്റ്റേറ്റ് വിലക്കയറ്റവും ജീവിതച്ചെലവിലെ വർധനയും മൂലം, പുതിയ പദ്ധതി വഴി കൂടുതൽ ആളുകളെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് നോവ സ്കോഷ്യ മുനിസിപ്പൽ അഫയേഴ്‌സ് & ഹൗസിങ് മിനിസ്റ്റർ മന്ത്രി ജോൺ ലോഹർ പറഞ്ഞു .

പ്രവിശ്യയിലുടനീളമുള്ള മൊത്തം കുടുംബ വരുമാന യോഗ്യത $75,000-ൽ നിന്ന് $145,000 ആയി വർദ്ധിപ്പിക്കുക, എല്ലാ അപേക്ഷകർക്കും അഞ്ച് ശതമാനം ഡൗൺ പേയ്‌മെന്റ് നൽകുന്നതിനായി സ്ലൈഡിംഗ് സ്കെയിൽ നീക്കം ചെയ്യുക എന്നീ മാറ്റങ്ങൾ വഴി, ഡൗൺ പേയ്‌മെന്റിനായി പരമാവധി പലിശ രഹിത വായ്പ 25,000 ഡോളർ ആയിരിക്കും ലഭ്യമാകുക.10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന ലോൺ, ഇഷ്യൂ ചെയ്ത് ഒരു മാസത്തിന് ശേഷം തിരിച്ചടവ് ആരംഭിക്കുന്നതാണ്.

യോഗ്യതാ മാനദണ്ഡങ്ങളും പ്രോഗ്രാം വിശദാംശങ്ങളും സംബന്ധിച്ച്  കൂടുതൽ വിവരങ്ങൾക്ക് https://housing.novascotia.ca/downpayment എന്ന ലിങ്കിൽ ലഭ്യമാണ്.