കാനഡയിൽ പാർലമെന്റംഗങ്ങൾക്കെതിരെയുള്ള തുടർച്ചയായ ഭീഷണികളുടെയും, അക്രമങ്ങളെ കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിൽ എം.പി മാരുടെ സ്വകാര്യ സുരക്ഷ വർധിപ്പിക്കാൻ പാനിക് ബട്ടണുകൾ നൽകുന്നത് പരിഗണിച്ച് കാനഡ. തോക്ക് കൈവശം വയ്ക്കുന്നത് തടയുന്ന ബിൽ അവതരിപ്പിച്ചതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തനിക്ക് വധഭീഷണി ഉണ്ടായതായി പബ്ലിക് സേഫ്റ്റി മന്ത്രി മാർക്കോ മെൻഡിസിനോ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്റാരിയോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻ.ഡി.പി നേതാവ് ജഗ്മീത് സിങ്ങിനെതിരായി വെർബൽ ഹറാസ്മെന്റ് ഉണ്ടായി.
ഭീഷണികളെ തുടർന്ന് പോലീസും പാർലമെന്ററി പ്രൊട്ടക്റ്റീവ് സർവീസസും എം.പി മാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വിലയിരുത്തുകയാണെന്ന് മെൻഡിസിനോ പറഞ്ഞു.
എംപിമാരുടെ സംരക്ഷണം വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടികളിൽ പാനിക് ബട്ടണുകൾ അല്ലെങ്കിൽ മൊബൈൽ ഡ്യൂറസ് അലാറങ്ങൾ ആണ് പരിഗണിക്കുന്നത്. ഭീഷണി നേരിടുകയാണെങ്കിൽ ദ്രുത പ്രതികരണത്തിനായി പാർലമെന്ററി പ്രൊട്ടക്റ്റീവ് സർവീസസിനെയോ ലോക്കൽ പോലീസിനെയോ ഉടൻ അറിയിക്കാൻ ഇവ ഉപയോഗിക്കാവുന്നതാണ്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എംപിമാർക്ക് അവരുടെ ഓഫീസുകളിലെയും വീടുകളിലെയും സുരക്ഷ വിലയിരുത്താനും ആവശ്യമെങ്കിൽ അലാറങ്ങൾ, പാനിക് ബട്ടണുകൾ, ക്യാമറകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാനുമുള്ള അവസരവും പാർലമെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.