2025 അവസാനത്തോടെ കാനഡയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് പൂർണ നിരോധനം

By: 600002 On: Jun 21, 2022, 3:38 PM

ഈ വർഷം അവസാനത്തോടെ പ്ലാസ്റ്റിക് ബാഗുകളും ടേക്ക്ഔട്ട് കണ്ടെയ്‌നറുകളും ഇറക്കുമതി ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും, അടുത്ത വർഷം അവസാനത്തിൽ അവ വിൽക്കുന്നതിനും 2025 അവസാനത്തോടെ കയറ്റുമതി ചെയ്യുന്നതിനും  ഫെഡറൽ ഗവൺമെന്റ് നിരോധനമേർപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്റ്റെർ സ്റ്റിക്കുകൾ, കട്ട്ലറികൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്. ക്യാനുകളും ബോട്ടിലുകളും ഒരുമിച്ച് പിടിക്കാൻ ഉപയോഗിക്കുന്ന സിക്സ്-പാക്ക് പ്ലാസ്റ്റിക്  ഹോൾഡറുകളുടെ ഉത്പാദനവും ഇറക്കുമതിയും 2023 ജൂണിലും 2024 ജൂണിൽ അവയുടെ വിൽപ്പനയും നിരോധിക്കും.  

2030-ഓടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാലിന്യക്കൂമ്പാരങ്ങളിലോ ബീച്ചുകളിലോ നദികളിലോ തണ്ണീർത്തടങ്ങളിലോ വനങ്ങളിലോ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനാണ് ഗവൺമെന്റ്  ലക്ഷ്യമിടുന്നത്. 2019-ലെ ഫെഡറൽ ഡാറ്റ പ്രകാരം, 15.5 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ, 4.5 ബില്യൺ പ്ലാസ്റ്റിക് കട്ട്ലറികൾ, മൂന്ന് ബില്യൺ സ്റ്റെർ സ്റ്റിക്കുകൾ, 5.8 ബില്യൺ സ്‌ട്രോകൾ, 183 ദശലക്ഷം സിക്‌സ് പാക്ക് വളയങ്ങൾ, 805 ദശലക്ഷം ടേക്ക്‌ഔട്ട് കണ്ടെയ്‌നറുകൾ എന്നിവ കാനഡയിൽ വിറ്റിട്ടുണ്ട്.

റെജൈന, വിക്ടോറിയ, മോൺ‌ട്രിയൽ എന്നിവയുൾപ്പെടെയുള്ള ചില നഗരങ്ങളും ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവടങ്ങളിൽ ഇതിനകം പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.  2020-ൽ മുതൽ സോബീസും 2021 ഏപ്രിലിൽ വാൾമാർട്ടും തങ്ങളുടെ ചെക്ക്ഔട്ട് കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കിയിരുന്നു. 2023 സെപ്റ്റംബറോടെ പ്ലാസ്റ്റിക്ബാഗുകൾ നിരോധിക്കുമെന്ന് ലോബ്ലോയും  തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.