കൗമാരക്കാരെ ലക്ഷ്യമിട്ട് ആഗോള തലത്തിൽ ലൈംഗിക ചൂഷണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

By: 600007 On: Jun 20, 2022, 7:38 PM

 

 

ആഗോള തലത്തിൽ കൗമാരക്കാരെ ലക്ഷ്യമിട്ട്  ലൈംഗിക ചൂഷണകേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ജൂൺ 15 ന് പൈലറ്റ് മൗണ്ടിലുള്ള ഡാനിയൽ ലിന്റ്സ്  എന്ന 17 കാരൻ ഇത്തരത്തിൽ ഓൺലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള പോലീസിംഗ് ഏജൻസികൾ ആൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച് അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.  സ്‌നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദേശത്ത് അധിഷ്‌ഠിതമായ സംഘടിത കുറ്റകൃത്യ സംഘങ്ങളാണ് യുവതികളെന്ന വ്യാജേന ആൺകുട്ടികളെ ചൂഷണം ചെയ്തു പണം തട്ടുന്നതെന്ന് കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷനിലെ സൈബർ ടിപ്  ഡയറക്ടർ സ്റ്റീഫൻ സോവർ പറയുന്നു.

 2020-21 വർഷങ്ങളിൽ , ആർ‌.സി‌.എം‌.പി യുടെ നാഷണൽ ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷൻ ക്രൈം സെന്ററിന് ഇത്തരത്തിലുള്ള 52,306 പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് 7 വർഷം മുൻപുണ്ടായിരുന്നതിനേക്കാൾ 510 ശതമാനത്തോളം കൂടുതലാണ്.

ഓൺലൈൻ ലൈംഗിക ദുരുപയോഗം/ചൂഷണം, ചിത്രങ്ങൾ കാണിച്ചുള്ള ബ്ലാക്മെയിൽ എന്നിവ റിപ്പോർട്ടു ചെയ്യുന്നതിന് കാനഡയുടെ ദേശീയ സൈബർ ടിപ്പ് ലൈനായ Cybertip.ca സന്ദർശിക്കുകയും ഇത്തരം കേസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിന് 911 ൽ വിളിക്കുകയും ചെയ്യാവുന്നതാണ്.