ഒന്റാരിയോയിൽ ആദ്യമായി റാബിറ്റ് ഹെമറാജിക് ഡിസീസ് വൈറസ് സ്ഥിരീകരിച്ചു 

By: 600007 On: Jun 20, 2022, 7:33 PM

മുയലുകളെ മാരകമായി ബാധിക്കുന്ന  റാബിറ്റ് ഹെമറാജിക് ഡിസീസ് വൈറസ് (RDHV-2)  ഒന്റാരിയോയിൽ ആദ്യമായി സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സി‌.എഫ്‌.ഐ‌.എ) അറിയിച്ചു. ജൂൺ 10 ന് ലാം‌ടൺ കൗണ്ടിയിലെ രണ്ട് വളർത്തു മുയലുകളിലാണ് വൈറസ്  സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മുയലുകളുള്ള സ്ഥലത്ത് ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്റാറിയോയിലെ കൃഷി, ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും രോഗം പടരുന്നത് സംബന്ധിച്ച് ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകളൊന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും സി.എഫ്.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു.

എങ്ങനെയാണ് മുയലുകൾക്ക് രോഗം ബാധിച്ചത് എന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. വൈറസ് മനുഷ്യരിലേക്കോ കന്നുകാലികളിലേക്കോ മറ്റ് ജീവികളിലേക്കോ പകരില്ല. പക്ഷേ മുയലുകളെ ഇത് മാരകമായി ബാധിക്കും എന്ന് ഒന്റാരിയോ കൃഷി, ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ വക്താവ് ബെലിൻഡ സട്ടൺ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ ഉടമകൾ ജാഗ്രത തുടരുകയും  മുയലുകളെ സംരക്ഷിക്കാൻ കർശനമായ ബയോസെക്യൂരിറ്റി നടപടികൾ പിന്തുടരുകയും ചെയ്യണം.

വൈറസ് മുയലുകളുടെ ശരീരത്തിൽ ബാധിച്ചാൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. 
തണുപ്പ് ഉൾപ്പെടെ അതിജീവിക്കുന്ന വൈറസ് ആകയാൽ മുയലുകളെയോ അവയുടെ മാംസമോ കൈകാര്യം ചെയ്യുന്നവർ  ശുചിത്വ സമ്പ്രദായങ്ങൾ പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു.