ശതകോടിശ്വരൻ വാറൻ ബഫറ്റിനൊപ്പമുള്ള സ്വകാര്യ സ്റ്റീക്ക് ചാരിറ്റി ലഞ്ച് ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. 19 മില്യൺ യു.എസ് ഡോളറിനാണ് അജ്ഞാതനായ ആൾ ലേലം സ്വന്തമാക്കിയത്. ദാരിദ്ര്യം, പട്ടിണി, ഭവനരാഹിത്യം എന്നിവയ്ക്കെതിരെ പോരാടുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈബേ, ഗ്ലയ്ഡ് ഫൌണ്ടേഷൻ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന 21-ാമത് വാർഷിക ലേലമാണ് റെക്കോർഡ് തുകയ്ക്ക് വിറ്റത്.
ജൂൺ 12-ന് 25,000 ഡോളറിൽ ആരംഭിച്ച ലേലം വെള്ളിയാഴ്ച അജ്ഞാത ബിഡ്ഡറിൽ നിന്ന് 19,000,100 ഡോളറിൽ അവസാനിച്ചതായി ഈബേ വാർത്താക്കുറിപ്പിൽ പറഞ്ഞു. 2019- ലെ ലേലത്തുകയായ 4,567,888 ഡോളറിന്റെ നാലിരട്ടിയിൽ കൂടുതലാണ് ഈ വർഷം ലഭിച്ചത്. ക്രിപ്റ്റോകറൻസി സംരംഭകനായ ജസ്റ്റിൻ സൺ ആയിരുന്നു 2019 ലെ വിജയി.
വാറൻ ബഫറ്റിനോടൊപ്പമുള്ള "പവർ ലഞ്ചിന്റെ" അവസാന വർഷമാണിതെന്നും, അജ്ഞാതനായ വിജയിയും ഏഴ് അതിഥികളും ബഫറ്റിനോടൊപ്പം ന്യൂയോർക്ക് സിറ്റിയിലെ സ്മിത്ത് & വോളൻസ്കി സ്റ്റീക്ക്ഹൗസിൽ സ്വകാര്യ ഉച്ചഭക്ഷണം ആസ്വദിക്കുമെന്ന് ഇബേ അറിയിച്ചു. വാറൻ ബഫറ്റിനോടൊപ്പം സഹകരിച്ച് വാർഷിക ലേലത്തിലൂടെ ഗ്ലൈഡിന് 53 മില്യൺ ഡോളറാണ് ഇത് വരെ സമാഹരിച്ചിട്ടുള്ളത്.