
കോഴിക്കോട് എടക്കാട് റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നതുമായി ബന്ധപ്പെട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. എടക്കാട് വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലാണ് രണ്ട് വയസ്സുള്ള റോട്ട് വീലറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പീപ്പിൾസ് ഫോർ അനിമൽ എന്ന സംഘടന എലത്തൂർ പോലീസിൽ പരാതി നൽകി. തുടർന്നാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഉടമയ്ക്കെതിരെ എലത്തൂർ പോലീസ് കേസെടുത്തത്തത്. വീട് വാടകക്കെടുത്ത വിപിൻ എന്നയാളാണ് നായയെ വളർത്തിയിരുന്നത്. വിപിൻ വീട് ഒഴിഞ്ഞ് പോയെങ്കിലും നായയെ കൊണ്ടു പോയിരുന്നില്ല.
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ നായയുടെ ശരീരത്തിൽ ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അംശം ഇല്ലായിരുന്നെന്നും മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ആന്തരികാവയങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചു.