
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാർക്കെതിരേ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.
ഓപ്പറേഷൻ നടക്കുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ടും സെക്യൂരിറ്റിക്ക് അലർട്ട് നൽകിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.
മണിക്കൂറുകൾ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. സമയനഷ്ട്ടം മൂലമാണ് രോഗിക്ക് ജീവൻ നഷ്ട്ടമായത്.