
കൊച്ചി മെട്രോയുടെ 5 ആം പിറന്നാൾ ദിനമായ വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി 8 വരെ യാത്ര ചെയ്തത് 10,1131 പേർ. ടിക്കറ്റ് നിരക്ക് 5 രൂപ മാത്രമായിരുന്നു. കോവിഡിന് ശേഷം ആദ്യമായാണു മെട്രോയിൽ ഇത്രയധികം ആളുകൾ കയറുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണു കെ.എം.ആർ.എൽ ജന്മദിനം ആഘോഷിച്ചത്. ഇവർക്കായി മെട്രോ പ്രത്യേക ട്രെയിൻ ഓടിച്ചു. ട്രെയിനിൽ പാട്ടുപാടിയും നൃത്തം ചെയ്തും മുട്ടം മുതൽ തൈക്കൂടം വരെയും തിരിച്ചും അവർ യാത്ര ചെയ്തു.
ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണു മെട്രോ ജന്മദിന സ്‌പെഷൽ യാത്രയിൽ പങ്കെടുത്തത്. കെ.എം.ആർ.എൽ എംഡി ലോക്നാഥ് ബെഹ്‌റ, ഷൂട്ടിങ് താരം എലിസബത്ത് സൂസൻ കോശി, സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് സ്ഥാപക ഡയറക്ടർ മേരി അനിത തുടങ്ങിയവർ കുട്ടികൾക്കൊപ്പം പങ്കുചേർന്നു.