തലസ്ഥാനത്ത് കറങ്ങാനാഗ്രഹിക്കുന്നവരെ കറക്കാനായി സർക്കുലർ ബസ്

By: 600002 On: Jun 18, 2022, 3:15 PM

‘കറങ്ങിക്കൊണ്ടേയിരിക്കാം’ എന്ന പ്രചാരണ വാക്യത്തോടെ എത്തിയ സർക്കുലർ ബസാണ് ഇപ്പോൾ തലസ്ഥാനത്തെ താരം. സർവീസിലേക്ക് ജനങ്ങളെ ആകർഷിക്കാനായി 10 രൂപ ടിക്കറ്റെടുത്താൽ ഒരു സെക്ടറിൽ മുഴുവനായി കറങ്ങാം എന്ന ഓഫറും കെ.എസ്.ആർ.ടി.സി മുന്നോട്ടുവച്ചിട്ടുണ്ട്. 
 
നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ  2021 ഓഗസ്റ്റിൽ പരീക്ഷണ അടിസ്ഥാനത്തിലാണ്  സർക്കുലർ സർവീസ് ആരംഭിച്ചത്.  ഏഴു സെക്ടറുകളിലായി ഏഴു നിറങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്.
 
റെഡ്, ബ്ലൂ, ഗ്രീൻ, ബ്രൗൺ നിറത്തിലുള്ള ബസുകൾ കിഴക്കേക്കോട്ട ഡിപ്പോയിൽനിന്നും യെലോ, മജന്ത, വയലറ്റ് കളറിലുള്ള ബസുകൾ പേരൂർക്കട ഡിപ്പോയിൽനിന്നുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 7 മണി മുതൽ 11 മണിവരെയും വൈകിട്ട് 3 മുതൽ 7വരെയുമുള്ള പീക്ക് ടൈമിൽ 10 മിനിറ്റ് ഇടവേളകളിലാണ് ബസ് സർവീസ്. അല്ലാത്ത സമയം 20 മിനിറ്റ് മുതൽ അര മണിക്കൂർ ഇടവേളയിൽ സർക്കുലർ ബസുകൾ സർവീസ് നടത്തും. ഇതര സംസ്ഥാനക്കാർക്കും വിദേശികൾക്കും മനസ്സിലാക്കാനാണ് ബസുകൾക്കു നമ്പറിനു പുറമേ നിറവും നൽകിയത്.
 
സ്കൂൾ തുറന്നതിനാൽ സർക്കുലർ സർവീസിൽ 5000 ത്തോളം യാത്രക്കാർ വർധിച്ചിട്ടുണ്ട്.യാത്രക്കാർ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കുലർ ബസിൽ കാർഡ് സംവിധാനം ഉപയോഗിച്ച് 50 രൂപയ്ക്ക് 24 മണിക്കൂർ നേരം എത്ര യാത്രവേണമെങ്കിലും ചെയ്യാം.  64 സിറ്റി സർക്കുലർ ബസിൽനിന്നും ഈ ടിക്കറ്റെടുക്കാം.
 
30 രൂപ കൊടുത്താൽ 12 മണിക്കൂർ തുടർച്ചയായി യാത്ര ചെയ്യാം. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്കു വരുന്ന യാത്രക്കാരെ ആകർഷിക്കാനാണ് ഇത്തരം ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ലോ ഫ്ലോർ നോൺ എസി ബസാണ് നിലവിൽ ഉപയോഗിക്കുന്നത്. സിറ്റി സർക്കുലർ ബസുകളുടെ കൂട്ടത്തിലേക്ക് 25 ഇലക്ട്രിക് ബസുകളും ഉടനെ എത്തും.